കൊച്ചി: അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 കപ്പലിലെ മൂന്നു ജീവനക്കാര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ ബാങ്ക് ഗാരന്റിക്കു പകരം പണം കെട്ടിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്കി. യുക്രെയ്ന് സ്വദേശി ഹോര്ഡിയേവ് വലേരി, ഫിലിപ്പീന്‍സ് സ്വദേശികളായ കാസ്റ്റനേഡ റൊണാള്‍ഡ് പുന്‍സലാന്‍, വെലാസ്കോ റയാന് ഒന്റാലന് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി അടച്ച് നാട്ടിലേക്കു മടങ്ങാന്‍ അനുമതി നല്കിയ മുന്‍ ഉത്തരവ് ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
ബാങ്ക് ഗാരന്റി നല്‍കുന്നതിലെ പ്രായോഗിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണു ഭേദഗതി ചെയ്തത്. ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതികളായ കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍ അടക്കമുള്ള നാലു ജീവനക്കാര്‍ക്ക് ഇതുവരെ നാട്ടിലേക്കു മടങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല.